ഞങ്ങള്‍ മലയ്ക്കു പോകുന്നില്ല, വീട്ടിലേക്കു മടങ്ങുന്നു

 'ഞങ്ങള്‍ മലയ്ക്കു പോകുന്നില്ല, വീട്ടിലേക്കു മടങ്ങുന്നു’; ഗതികെട്ട് പൊലീസിനോടു നിസ്സഹായരായി പറയുന്ന അയ്യപ്പ ഭക്തർ ' എന്തൊരു നെറികേടാണ് ദേവസ്വം ബോർഡും അതിന്റെ അമരക്കാരും ചെയ്യുന്നത്. നാട് ചുറ്റുന്ന ബസ്സിൽ ദേവസ്വം മന്ത്രിക്കെന്താ കാര്യമെന്ന് ചോദിച്ചാൽ ആർക്കുമറിയാൻ വഴിയില്ല. ദേവസ്വം ബോർഡിന്റെ വരുമാനത്തിന്റെ സിംഹഭാഗവും വരുന്ന മണ്ഡല കാലത്തിനു വേണ്ടി എന്ത് മുന്നൊരുക്കമാണ് നടത്തിയത്. സാധാരണ വൃശ്ചിക മാസത്തിനു മുൻപ് മുന്നൊരുക്കങ്ങൾ കലക്ടറുടെ നേതൃത്വത്തിൽ പരിശോധിക്കാറുണ്ടായിരുന്നു. ഇത്തവണ സർക്കാർ സംവിധാനങ്ങൾ അപ്പാടെ നവ കേരളയാത്രയുടെ ഒരുക്കങ്ങളിലായപ്പോൾ ശബരിമലയിൽ ഒരുക്കങ്ങളൊന്നുമുണ്ടായുമില്ല.

ഒരു സീസണിൽ ഏറ്റവും കൂടുതൽ ഭക്തർ എത്തുന്നതിന്റെ കാര്യത്തിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമാണ് ശബരിമല.

18 മണിക്കൂർ വരെ ക്യുവിൽ നിന്നിട്ടും ഭക്തർക്ക് ദർശനം ലഭിക്കുന്നില്ല. കുട്ടികളും, വൃദ്ധരും എല്ലാം കുഴഞ്ഞു വീഴുന്നു. ശബരിമലയിലെ ഭക്തജന തിരക്ക് നിയന്ത്രിക്കുന്നതിന് യാതൊരു സംവിധാനവും ഇല്ല. സർക്കാരിന്റെ ധൂർത്തും, കെടുകാര്യസ്ഥതയും, അഴിമതിയും എല്ലാം കൊണ്ട് തകർന്നു തരിപ്പണമായി കിടക്കുന്ന കേരളത്തിന്റെ സാമ്പത്തീക രംഗത്തിന് തീർത്ഥടന കാലം നൽകുന്ന സംഭാവന വിസ്മരിച്ചു കൂടാ.

അന്യ സംസ്ഥാനങ്ങളിൽ നിന്ന് വരുന്ന ലക്ഷക്കണക്കിന് അയ്യപ്പ ഭക്തർ ശബരിമല സീസണിൽ നമ്മുടെ സമ്പത് വ്യവസ്ഥയെ ഏതെല്ലാം രീതിയിൽ സഹായിക്കും എന്ന് അറിയാത്തവരാണോ ഭരണ തലപ്പത്തുള്ളത്.ശബരിമലയിലെ വരുമാനം ആണ് ദേവസ്വം ബോർഡിന്റെ കീഴിലെ മറ്റ് ക്ഷേത്രങ്ങളെ വരെ നിലനിർത്തുന്നത് എന്നത് മറ്റൊരു സത്യം.ഇത്രയും പ്രാധാന്യം ഉള്ള ശബരിമലയെ തികച്ചും അവഗണിച്ച് അരാജകത്വത്തിലേക്ക് തള്ളി വിടുന്നതിന്റെ ഉത്തരവാദിത്തം ദേവസ്വം ബോർഡിന് മാത്രമാണ്.പരിപാവനമായ ക്ഷേത്രത്തെ നശിപ്പിക്കുകയാണ് ഇവിടുത്തെ സംവിധാനങ്ങൾ. വിശ്വാസത്തിന്റെ പേരിൽ ഒരിക്കൽ അതിനെ തകർക്കാൻ നോക്കിയവരിൽ നിന്ന് ഇതിൽ കൂടുതലൊന്നും പ്രതീക്ഷിക്കണ്ട.വിശ്വാസം ഇല്ലെങ്കിൽ വേണ്ട, ശബരിമലയിലെത്തുന്ന വിശ്വാസികളെയെങ്കിലും ദർശനം നടത്താൻ അനുവദിച്ചുകൂടെ. ആദ്യമായി അല്ലല്ലോ ശബരിമലയിൽ ഇത്രയും തിരക്ക് വരുന്നത്. പണ്ടും ഉണ്ടായിട്ടുണ്ട്, നാളെയും ഉണ്ടാകും. അത് മുൻകൂട്ടി കണ്ട് പണ്ട് കാലങ്ങളിൽ പ്രൊഫഷണൽ ആയി മാനേജ് ചെയ്തിരുന്നു എങ്കിൽ ഇപ്പോൾ ആരും തിരിഞ്ഞു നോക്കാൻ ഇല്ലാത്ത അവസ്ഥയാണ്.ശബരിമലയിലെ സംവിധാനങ്ങൾ ആകെ കുഴപ്പം പിടിച്ചതാണ്, ഒരു അടിസ്ഥാന സൗകര്യവും ഇല്ല, എപ്പോൾ വേണമെങ്കിലും അപകടം ഉണ്ടാകാം എന്നൊക്കെയുള്ള വാർത്തകൾ പുറത്തേക്ക് വരുമ്പോൾ ഭക്തർ റിസ്ക് എടുക്കാൻ തയാറാകുമോ? ആന്ധ്രയിലും, തമിഴ് നാട്ടിലും, കർണാടകയിലും നിന്നൊക്കെ വരുന്ന അയ്യപ്പ ഭക്തരുടെ വിശ്വാസം അറിയാവുന്നത് കൊണ്ട് ഒരു കാര്യം പറയാൻ സാധിക്കും, ശബരിമലയെ എത്ര അവഗണിച്ചാലും, അരാജകത്വം സൃഷ്ടിച്ചാലും, മോശം അടിസ്ഥാന സൗകര്യ വികസനം ഉണ്ടായാലും , 18 മണിക്കൂർ അല്ല 36 മണിക്കൂർ ക്യു നിൽക്കേണ്ടി വന്നാലും ഭക്തർ ശബരിമലയിൽ തുടർന്നും എത്തുക തന്നെ ചെയ്യും. ഇത്രയും ഉദാസീനതയോടെ കാര്യങ്ങൾ ചെയ്ത ഒരു സർക്കാർ സംവിധാനം അടുത്തൊന്നും ശബരിമലയിലുണ്ടായിട്ടില്ല. അപകടങ്ങളൊന്നും കൂടാതെ ഈ മണ്ഡലകാലം കടന്നുകിട്ടാൻ ഭക്തർക്ക് അയ്യപ്പാ നീ തന്നെ തുണ.

No comments:

Post a Comment

Followers